1. കാലിവളം: കാലിത്തൊഴുത്തില്‍ നിന്നു ലഭിക്കുന്ന ചാണകവും ഗോമൂത്രവും തീറ്റപ്പുല്ലിന്റെ അവിശിഷ്ടങ്ങളും ചേര്ത്തുണ്ടാക്കിയെടുക്കുന്നതാണ് കാലിവളം. ഒരു മീറ്റര്‍ താഴ്ചയിലും ഒന്നര-രണ്ടു മീറ്റര്‍ വീതിയിലും ലഭ്യമായ നീളത്തിലും ദീര്‍ഘചതുരാകൃതിയില്‍ ഒരു കുഴിയെടുക്കണം. ഗോമൂത്രം ആഗിരണം ചെയ്യാനായി ജൈവാവശിഷ്ടങ്ങള്‍ കാലിത്തൊഴുത്തില്‍ ദിവസവും വിതറിയിടണം. ഗോമൂത്രം കലര്‍ന്ന ജൈവാവശിഷ്ടവും ചാണകവും ദിവസവും തൊഴുത്തില്‍ നിന്ന് നീക്കം ചെയ്ത് കുഴിയില്‍ നിക്ഷേപിക്കുക. കുഴി നിറഞ്ഞ് 50 സെന്റിമീറ്റര്‍ ഉയര്‍ന്നാല്‍ അത് മണ്ണിന്റേയും ചാണകത്തിന്റെയും മിശ്രിതം കൊണ്ട് മൂടണം. വായുവിന്റെ അസാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തന ഫലമായി മൂന്നു-നാലു മാസത്തിനുള്ളില്‍ കാലിവളം തയ്യാറാക്കും.
2. മണ്ണിര കമ്പോസ്റ്റ്: കുഴിയെടുത്തോ തൊട്ടികെട്ടിയോ നിര്‍മിക്കാം. ഒന്നര മീറ്റര്‍ വീതി, 60 സെ.മീ പൊക്കവു (ആഴം) മാണ് വേണ്ടത്. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ മേല്‍ക്കൂരയും വേണം. ഉറമ്പു കയറാതിരിക്കാന്‍ ചുറ്റും ചാലെടുത്ത് വെള്ളം നിര്‍ത്തുക.
കുഴിയില്‍ ഒരു നിരപ്പ് തൊണ്ട് മലര്‍ത്തി അടുക്കുക. രണ്ടര ഇഞ്ച് കനത്തില്‍ നനവുള്ള ചാണകം നിരത്തുക. മണ്ണിരകളെ (രണ്ടു ചതുരശ്രമീറ്ററിന് 300-400 വരെ) നിക്ഷേപിക്കുക. അല്‍പ്പം ജീര്‍ണ്ണിച്ച ഇലകള്‍, പച്ചക്കറി വേസ്റ്റ്, കൂബെഡ് വേസ്റ്റ് തുടങ്ങിയവ ഒരു ഇഞ്ച് കനത്തില്‍ നിരത്തുക. ചാണകം കട്ടക്ക് കലക്കി ഒഴിക്കണം. വീണ്ടും ഒരടി കനത്തില്‍ ജൈവാവശിഷ്ടം നിരത്തുക. ഒരു നിരകൂടി ചാണകം കലക്കി ഒഴിച്ച് വണ്ട് തുളക്കാത്ത വിധം വല കൊണ്ട് മൂടുക. ആറ് മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ വളം തയാറാകും. മണ്ണിരവളത്തില്‍ ഇലകള്‍ വിസര്‍ജിക്കുന്ന എന്‍സൈമുകള്‍ ധാരാളമുണ്ടാകും. ഇവ ചെടികളുടെ രോഗ പ്രതിരോധ ശക്തിയും ഉത്പാദനശേഷിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കും. മറ്റു ജൈവവളങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ മാത്രം മണ്ണിര കമ്പോസ്റ്റ് ഉപയോഗിച്ചാല്‍ മതി. യൂഡ്രിലസ് ഇനം മണ്ണിര കേരള കാര്‍ഷിക സര്‍വ്വകലാശാല, കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍, കേന്ദ്ര, സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ കൃഷി, സദ്ധ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിക്കും.
3. മോര്-തേങ്ങാപ്പാല്‍ മിശ്രിതം: പച്ചക്കറികളിലും മറ്റ് ഹ്രസ്വകാലവിളകളിലും വളര്‍ച്ചാത്വരകമായി ഉപയോഗിക്കാം. മോരും തേങ്ങാപ്പാലുമാണ് ചേരുവകള്‍. മോരും തേങ്ങാപ്പാലും അഞ്ച് ലിറ്റര്‍വീതം ഒരു മണ്കലത്തില് എടുത്ത് ചാണക കൂനക്കുള്ളില്‍ ശ്രദ്ധയോടെ വയ്ക്കുക. ഒരാഴ്ച ഇങ്ങനെ സൂക്ഷിക്കണം. ചാണക കൂനയ്ക്കുള്ളിലെ ചൂട് പുളിക്കല്‍ പക്രിയ ത്വരിതപ്പെടുത്തുകയും ഒരാഴ്ച കഴിയുമ്പോള്‍ മിശ്രിതം ഉപയോഗിക്കാന്‍ തയ്യാറാവുകയും ചെയ്യും. ഈ ലായനി 10% വീര്യത്തില്‍ നേര്‍പ്പിച്ച് 15 ദിവസത്തിലൊരിക്കലോ ഒരു മാസം കൂടുമ്പോഴോ ഇലകളില്‍ തളിക്കാം.
4. അമൃത്പാനി: ഗോവയിലെ ഡോ. ഗോപാല്‍ റാവു ലോക്കറെയാണ് ഇതിന്റെ ഉപജ്ഞാതാവ്. ഇത് cowdung tea അഥവാ ചാണകച്ചായ എന്ന പേരില്‍ വാങ്ങാന്‍ കിട്ടും. ഫലപ്രദമായൊരു ബാക്ടീരിയല്‍ ഓജസിയായി ഇത് ഉപയോഗിക്കാം.
ചേരുവകള്‍: ചാണകം രണ്ടു കി.ഗ്രാം, തേന്‍ 20 ഗ്രാം, നെയ്യ് (വീട്ടിലുണ്ടാക്കിയത്) 10 ഗ്രാം, വെള്ളം 10 ലിറ്റര്‍.
തയ്യാറാക്കുന്ന വിധം: ആദ്യം രണ്ടു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. തുടര്‍ന്ന് നെയ്യും തേനും ചേര്‍ക്കുക. മിശ്രിതം സൂര്യപ്രകാശത്തിലും നിലാവിലും 24 മണിക്കൂര്‍ വച്ചതിനു ശേഷം ഉപയോഗിക്കാം. പച്ചക്കറി വിളകളിലും നെല്ലിലും മറ്റ് ഹ്രസ്വകാല വിളകളിലുമിതു തളിക്കാം. ഈ ലായനി നേര്‍പ്പിക്കേണ്ട ആവശ്യമില്ല. നേരിട്ട് പ്രയോഗിക്കാം, അരിച്ചെടുക്കണമെന്ന നിര്‍ബന്ധവുമില്ല.
5. മീന്‍ അമിനോ ആസിഡ്: പച്ചമത്സ്യവും ശര്‍ക്കരയും കൂടി പുളിപ്പിച്ച് തയ്യാറാക്കുന്ന വളര്ച്ചാത്വരകമാണിത്. ചീഞ്ഞു തുടങ്ങിയ പരുവത്തിലുള്ള പച്ചമീന്‍ ഒരു കിലോ (മത്തിയാണ് നല്ലത്) വാങ്ങി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു കി.ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി മണ്കലത്തില് 10 ദിവസം അടച്ചു സൂക്ഷിക്കുക. 10 ദിവസം കഴിയുമ്പോള്‍ മിശ്രിതം തവിട്ടു നിറത്തിലുള്ള കൊഴുത്ത ധ്രാവകമായി പരുവപ്പെട്ടു കഴിയും. ഇത് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളുടെ ഇലകളില്‍ തളിക്കാം. ദ്രാവകം വായു നിബന്ധമായി അടച്ചാല്‍ രണ്ടു മാസത്തോളം സൂക്ഷിക്കാം.
5. തിമോര്‍ ലായനി: പത്ത് തേങ്ങ പൊളിച്ച് ചിരകി പിഴിഞ്ഞ് പാലെടുക്കുക. ഇതിലേക്ക് കരിക്കിന് വെള്ളം ചേര്‍ത്ത് അഞ്ച് ലിറ്ററാക്കുക. ഒരു മണ്കലത്തില് അഞ്ചു ലിറ്റര്‍ മോരെടുത്ത് അതില്‍ ഈ മിശ്രിതം ഒഴിക്കുക. ഇളക്കി ചേര്‍ത്ത് 7 -10 ദിവസം പുളിക്കാന്‍ വെയ്ക്കുക. 1ഃ10 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാനുപയോഗിക്കാം.
6. അരപ്പു മോര്: വളരെ എളുപ്പം വീടുകളില്‍ തയാറാക്കാവുന്ന പുളിപ്പിച്ച ദ്രാവക മിശ്രിതം ഒരേ സമയം വളര്‍ച്ച ത്വരകമായും കീട-രോഗ പ്രതിരോധകമായും ഉപയോഗപ്പെടുന്നു. ഗിബറിലേക്ക് ആസിഡ് എന്ന സസ്യവളര്‍ച്ചാ ഹോര്‍മോണ്‍ ഈ ലായനിയില്‍ അടങ്ങിയിട്ടുണ്ട്. ഒരു മണ് പാത്രത്തില്‍ അഞ്ച് ലിറ്റര്‍ മോര് എടുക്കുക. നെന്മേനി വാകയുടെ ഇലകള്‍ രണ്ട് കിലോ നല്ലപോലെ അരച്ച് അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിക്കിച്ച് ഇളക്കി യോജിപ്പിക്കുക. 7 – 10 ദിവസം പുളിക്കാന്‍ വെയ്ക്കുക. 1ഃ10 എ അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.
7. വേപ്പിന്‍പിണ്ണാക്ക്-കടലപ്പിണ്ണാക്ക്-ഗോമൂത്ര മിശ്രിതം: അടുക്കളത്തോട്ടത്തിലെ പച്ചക്കറികളില്‍ പ്രയോഗിക്കാനുള്ള പ്രധാനപ്പെട്ട ജൈവവളമാണിത്. രണ്ടു കിലോ വേപ്പിന് പിണ്ണാക്ക്, ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക്, പത്ത് ലിറ്റര്‍ ഗോമൂത്രം, 100 ലിറ്റര്‍ വെള്ളം, 10 ഗ്രാം യീസ്റ്റ് എന്നിവയാണ് ചേരുവകള്‍. ഇവ ഒരു വീപ്പയില്‍/ ടാങ്കില്‍ ഒരാഴ്ച്ചക്കാലം തണലില്‍ തുറന്നു സൂക്ഷിക്കണം. ദിവസവും രാവിലെയും വൈകുേന്നരവും ഇളക്കി ഒരാഴ്ച കഴിയുമ്പോള്‍ അരിച്ചോ തെളിയൂറ്റിയോ പ്രയോഗിക്കാം.
8. ജീവാമൃതം: വീട്ടില്‍ വളര്‍ത്തുന്ന പശുവിന്റെ ചാണകം ഉപയോഗിച്ച് തയാറാക്കാവുന്ന വളമാണിത്. നാടന്‍ പശുവിന്റെ ചാണകമാണ് ഇതിനാവശ്യം.
ചേരുവകള്‍ഃ നാടന്‍ പശുവിന്റെ ചാണകം -10 കി.ഗ്രാം, ഗോമൂത്രം – അഞ്ച് ലിറ്റര്‍, ശര്‍ക്കര- രണ്ടു കി.ഗ്രാം, പയര്‍വിത്ത് കുതിര്‍ത്തരച്ചത് -രണ്ടു കി.ഗ്രാം, വയല്‍ വരമ്പിനടുത്ത് നിന്നെടുത്ത മണ്ണ് – ഒരു കി.ഗ്രാം.
തയാറാക്കുന്ന വിധം – ഇരുന്നൂറ് ലിറ്റര്‍ ശേഷിയുള്ള ഒരു ബാരലില്‍ 30 ലിറ്റര്‍ വെള്ളമെടുത്ത് അതിലേക്ക് നാടന്‍ പശുവിന്റെ 10 കിലോ ചാണകവും അഞ്ച് ലിറ്റര്‍ ഗോമൂത്രവും രണ്ടു കി.ഗ്രാം ശര്‍ക്കരപ്പൊടിയും (ശര്‍ക്കരയ്ക്കു പകരം നാലു ലിറ്റര്‍ കരിമ്പിന് നീര് ഉപയോഗിച്ചാലും മതി) രണ്ട് കി.ഗ്രാം പയര്‍ പേസ്റ്റും (അരച്ചമാവ്) ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. തുടര്‍ന്ന് മണ്ണ് ചേര്‍ക്കുക. ഇതിലേക്ക് 150 ലിറ്റര്‍ വെള്ളമൊഴിക്കുക. വീണ്ടും ഇളക്കിയ ശേഷം ഉപയോഗിക്കാം.
9. പഞ്ചഗവ്യം: ജൈവകൃഷിയില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന വളക്കൂട്ടാണ് പഞ്ചഗവ്യം. കൃഷിയിലുപയോഗിക്കുന്ന പഞ്ചഗവ്യത്തില്‍ ശര്‍ക്കര, പാളയന്കോടന് പഴം, കരിക്കിന് വെള്ളം, കള്ള് ഇവകൂടി ചേര്‍ക്കുന്നു. വിളവര്ദ്ധനവിനുള്ള ഹോര്‍മോണായും രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കുന്ന മരുന്നായും പഞ്ചഗവ്യം പ്രയോജനപ്പെടുന്നു.
ചേരുവകള്‍-
1. പച്ചചാണകം – അഞ്ച്-കി.ഗ്രാം
2. ഗോമൂത്രം -മൂന്ന് ലിറ്റര്‍
3. ഉരുക്കുനെയ്യ് – 500 ഗ്രാം
4. പാല് -രണ്ട് ലിറ്റര്‍
5. പുളിച്ച തൈര് -രണ്ടു ലിറ്റര്‍
5. ശര്‍ക്കര -ഒരു- കി.ഗ്രാം (വെള്ളത്തില്‍ ലയിപ്പിച്ചത്)
6. പാളയന്‍ കോടന് പഴം – 10 കി.ഗ്രാം
7. ഇളനീര് -അഞ്ച്
8. കള്ള് – രണ്ടു ലിറ്റര്‍
തയാറാക്കുന്ന വിധം
പച്ച ചാണകവും നെയ്യും ചപ്പാത്തി കുഴക്കും പോലെ കുഴച്ച് യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് ഗോമൂത്രം, ശര്‍ക്കരപ്പൊടി, തൈര്, പാല്, പഴം ഞെരടിയത്, കരിക്കിന് വെള്ളം, കള്ള് ഇവ ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക. ഇത് വായ് വട്ടമുള്ള ഒരു പാത്രത്തിലാക്കി 15 ദിവസം തണലില്‍ സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകുന്നേരവും നന്നായി ഇളക്കി കൊടുക്കണം. പതിനാറാം ദിവസം മുതല്‍ ഈ മിശ്രിതം മൂന്നു ലിറ്ററിന് 97 ലിറ്റര്‍ വെള്ളം ചേര്‍ത്ത് വൈകുന്നേരം നല്ലതു പോലെ ഇലകളില്‍ തളിക്കുകയോ മണ്ണില്‍ ഒഴിക്കുകയോ ചെയ്യുക.
10. ദശഗവ്യം
തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല തയ്യാറാക്കിയ വളക്കൂട്ടാണ് ദശഗവ്യം.
ചേരുവകള്‍-
1. പശുവിന്റെ ചാണകം – രണ്ടു കി.ഗ്രാം
2. നെയ്യ് – 250 ഗ്രാം
3. ഗോമൂത്രം- 3.5 ലിറ്റര്‍
4. വെള്ളം- 2.50 ലിറ്റര്‍
5. പാല്- 750 മി.ലി
6. തൈര് – 500 മി.ലി
7. കരിക്കിന് വെള്ളം- 750 മി.ലി
8. ശര്‍ക്കര – 500 ഗ്രാം
9. പാളയന്കോടന് പഴം- 500 ഗ്രാം,
10 പച്ചിലച്ചാറ് -ഒരു ലിറ്റര്‍ (നാറ്റപ്പൂച്ചെടി, കൊങ്ങിണി, തുമ്പ, ആത്ത, കിരിയാത്ത്, ഉമ്മം ഇവ ഓരോന്നും 500 ഗ്രാം വീതം ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ നീര്.)
ഉണ്ടാക്കുന്ന വിധം:
1. ചാണകവും നെയ്യും നല്ലതുപോലെ കുഴച്ചു യോജിപ്പിക്കുക. ഈ മിശ്രിതം രണ്ടു ദിവസം സൂക്ഷിക്കുക.
2. മൂന്നാം ദിവസം 2.5 ലിറ്റര്‍ ഗോമൂത്രം സമം വെള്ളവുമായി ചേര്‍ത്ത് ഒന്നാം ചേരുവയുമായി കൂട്ടികലര്‍ത്തുക. 15 ദിവസം ഇത് ബക്കറ്റില്‍ സൂക്ഷിക്കുക. ദിവസവും ഇളക്കണം.
3. 17-ാം ദിവസം പാല്, തൈര്, കരിക്കിന്‍വെള്ളം ഇവയില്‍ ശര്‍ക്കരയും പാളയന്‍ കോടന് പഴവും ഞെരടി ചേര്‍ത്ത് 25 ദിവസം ഇളക്കാതെ ബക്കറ്റില്‍ മൂടി സൂക്ഷിക്കുക.
4. 23- ാം ദിവസം ഒരു ലിറ്റര്‍ പച്ചിലച്ചാറ് ഒരു ലിറ്റര്‍ ഗോമൂത്രവുമായി കൂട്ടിക്കലര്‍ത്തി മുകളില്‍ സൂചിപ്പിച്ച മിശ്രിതത്തിലേക്ക് ഒഴിക്കുക. 20 ദിവസം ഇങ്ങനെ സൂക്ഷിക്കുക. ദിവസവും ഇളക്കണം. 32 ദിവസമാകുമ്പോഴേക്കും ഗന്ധം വമിക്കും.
5. ലായനിയില്‍ നിന്ന്് 300 മി.ലിറ്റര്‍ എടുത്ത് 10 ലിറ്റര്‍ ശുദ്ധജലം ചേര്‍ത്ത് (3%) ചെടികളുടെ ചുവട്ടില്‍ ഒഴിക്കുക, തെങ്ങിന് 10 ലിറ്റര്‍, കവുങ്ങിന് അഞ്ചു ലിറ്റര്‍ പച്ചക്കറികള്‍ക്ക് ഒന്നോ-രണ്ടോ ലിറ്റര്‍ എന്ന തോതില്‍.
വേരഴുകല്, വെളളപ്പൂപ്പല്, ഇലകരിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്കും എപിഡ്, ത്രിപ്സ് വെള്ളീച്ച, മണ്ഡരി, പുല്‍ച്ചാടി തുടങ്ങിയ കീടങ്ങള്‍ക്കും എതിരേ ദശഗവ്യം ഫലപ്രദമാണ്.